05:54am 14 November 2026
NEWS
ജയി ജയകുമാർ ഇനി ആറുപേരിലൂടെ ജീവിക്കും
09/04/2026  06:59 PM IST
nila
ജയി ജയകുമാർ ഇനി ആറുപേരിലൂടെ ജീവിക്കും

തിരുവനന്തപുരം: മസ്തിഷ്കരമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിനി ജയി ജയകുമാർ ഇനി ആറുപേരിലൂടെ ജീവിക്കും. 35കാരിയായ ജയി ജയകുമാറിന്റെ ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്തു. തിരുവനന്തപുരം കഴക്കൂട്ടം ടെക്‌നോപാർക്കിൽ ഐടി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു ജയി ജയകുമാർ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. 

ജയിയുടെ ഹൃദയം തിരുവനന്തപുരത്ത് നിന്നും എയർ ആംബുലൻസ് വഴി കൊച്ചിയിലെ ലിസി ആശുപത്രിയിൽ എത്തിച്ചു. ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം മൂക്കുതല സ്വദേശിനി 14 വയസുകാരിയിലാണ് ജയിയുടെ ഹൃദയം ഇനി മിടിക്കുക. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് 1.47ഓടെയാണ് ഹൃദയം വഹിച്ചുകൊണ്ടുള്ള ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്റർ പറന്നുയർന്നത്. 2.42നോടെ ഹെലികോപ്റ്റർ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ലാൻഡ് ചെയ്തു. അവിടെ നിന്ന് റോഡ് മാർഗമാണ് ഹൃദയം മിനിറ്റുകൾക്കുള്ളിൽ എറണാകുളം ലിസി ആശുപത്രിയിലെത്തിച്ചത്. 

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് ഇന്ന് വൈകുന്നേരം 4.05ന് പുറപ്പെട്ട വന്ദേഭാരത് എക്സ്പ്രസിലാണ് ഒരു വൃക്ക കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. രാത്രി 9.30ഓടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിക്കുന്ന വൃക്ക, ഉടൻ തന്നെ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലെ രോഗിയിൽ വെച്ചുപിടിപ്പിക്കും.

ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലേയും രണ്ട് നേത്ര പടലങ്ങൾ തിരുവനന്തപുരം റീജിയണൽ ഒഫ്ത്താൽ മോളോജിയിലെയും രോഗികൾക്കാണ് നൽകിയത്. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടികൾ ഏകോപിപ്പിച്ചത്. രണ്ടുമാസത്തിനിടെ കേരളത്തിൽ നടക്കുന്ന ആറാമത്തെ അവയവദാനമാണിത്. 

ഏഴ് വയസുള്ള പൃഥ്വിഷ് ആണ് ജയി ജയകുമാറിന്റെ മകൻ. അച്ഛൻ ജയകുമാർ, അമ്മ അംബിക ജയകുമാർ. സഹോദരി ജയു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img